Saturday, February 14, 2009

right choice ഗോജല്‍

അനോണി ക്ലബ്ബിലെത്തുന്നവര്‍ക്ക് ശീതളിമയേകാന്‍ ഗോജല്‍
കടപ്പാട്: ഇതു ക്രിയേറ്റ് ചെയ്ത ബ്ലോഗ് പുലിയോട്

Saturday, May 17, 2008

അനോണി ചെയ്തെന്ന്യ അറസ്റ്റില്

ബ്ലോഗിന്‍റെ മറപിടിച്ച് എന്ത് തോന്നിവാസവും എഴുതി കൂട്ടി പ്രശസ്തനായ അനോണിചെയ്തെന്ന്യ കഴിഞ്ഞ ദിവസം ബൂലോഗ പോലീസ് വിരിച്ച കെണിയില്‍ വീണതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അബ്‌കാരി ബ്ലോഗര്‍ക്ക് വേണ്ടി രഹസ്യമായി തയ്യാറാക്കിയ കമന്‍റുകള്‍ പബ്ലീഷ് ചെയ്യുമ്പോഴാണ് ചെയ്തെന്ന്യ പിടിയിലായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇദ്ദേഹം കൈവരിച്ച അത്ഭുതകരമായ വളര്‍ച്ച ഏതൊരു ബ്ലോഗറേയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. പൂര്‍വ്വാശ്രമത്തിലെ ബ്ലോഗും വെച്ച് ഈച്ചയാട്ടി കൊണ്ടിരിക്കുന്ന സമയത്താണ് ഇദ്ദേഹം പ്രശസ്ത എന്‍. ആറ്. ഐ ബ്ലോഗറെ പരിചയപ്പെടുകയുണ്ടായത്. പൂര്‍വ്വാശ്രമത്തിലെ ബ്ലോഗില്‍ ഒന്നില്‍ കൂടുതല്‍ കമന്‍റുകള്‍ പോലും നേടാന്‍ കഴിയാതിരുന്ന ചെയ്തന്ന്യ ഇന്ന് അന്‍പതിലധികം കമന്‍റുകള്‍ വാരിക്കൂട്ടുന്ന എട്ടോ ഒന്‍പതോ ബ്ലോഗുകള്‍ക്ക് അധിപനാണ്. ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ നിന്നിരുന്ന എന്‍.ആര്‍.ഐ ബ്ലോഗറുടെ സോള്‍മേറ്റിനെ അടിച്ച് മാറ്റിക്കൊണ്ടാണ് ചെയ്തന്ന്യ നന്ദി കാണിച്ചത്. സോള്‍മേറ്റിനെ കൊണ്ട് പോയതിന്‍റെ നന്ദി സൂചകമായി പ്രസ്തുത എന്‍.ആര്‍.ഐ. ചെയ്തന്ന്യയുടെ എല്ലാ പോസ്റ്റുകളിലും തേങ്ങയടിച്ച് ആര്‍മാദിക്കാറുണ്ട് എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കലക്കി, കിടിലന്‍, ആദരാജ്ഞലികള്‍, ആശംസകള്‍ കമന്‍റുകളിട്ട് സായൂജ്യമടഞ്ഞിരുന്ന ചെയ്തന്ന്യ ഇന്ന് കിലോമീറ്ററുകള്‍ നീളം വരുന്ന കമന്‍റുകള്‍ക്ക് ഉടമയാണ്. ഇതിന്‍റെ പിന്നിലെ ചാറ്റ് ബന്ധങ്ങള്‍ ഈ അറസ്റ്റോട് കൂടി മറ നീക്കി പുറത്ത് വന്നേക്കും എന്നാണ് സൂചന. പൂര്‍വ്വാശ്രമത്തില്‍ തുടങ്ങി വെച്ച കവിത ബ്ലോഗ് ക്ലച്ച് പിടിക്കാതെ വന്നപ്പോഴാണ് ഇദ്ദേഹം വള്ളി ട്രൌസറിട്ട് നടന്ന കാലത്തെ കുറിച്ചെഴുതുന്ന ഒരു ബ്ലോഗ് ആരംഭിച്ചത്. പലരുടേയും ഓര്‍മ്മക്കുറിപ്പുകള്‍ മോഷ്ടിച്ച് മിടുക്കന്‍ ആവാനുള്ള ഈ ശ്രമവും പരാജയപ്പെട്ടതോടെ ബ്ലോഗ് പൂട്ടി ആരുമറിയാതെ ബൂലോഗത്ത് നിന്നും അപ്രത്യക്ഷനായി. പിന്നീട് ചെയ്തന്ന്യ ചെയ്തികള്‍ എന്ന പേരിലൊരു ബ്ലോഗുമായി ചെയ്തന്ന്യ എന്ന നാമധേയത്തില്‍ അവതരിക്കുകയായിരുന്നു. ബാക്കിയെല്ലാം നാം കണ്ടറിഞ്ഞ കഥകള്‍. കാക്ക കുളിച്ചാല്‍ കൊക്കാകുമോ. പഴഞ്ചൊല്ലില്‍ പതിരില്ലായിരിക്കാം. എങ്കിലും ഒന്ന് പരതുന്നത് നല്ലതാണ്. വല്ല പതിരും തടഞ്ഞെങ്കിലോ.

Tuesday, May 13, 2008

അനോണി ക്ലബ്ബിന്റെ ഭാവിയെന്ത്?

അനോണി സുഹൃത്തുക്കളെ,ക്ലബ്ബുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടി സീലുവെക്കുന്നതിനെക്കുറിച്ച് വിവാദപരമായ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ? ഈയവസരത്തില്‍ ബൂലോകത്തെ ഏക സ്വതന്ത്രക്ലബ്ബായ അനോണിക്ലബ്ബിന്റെ ഭാവിയെക്കുറിച്ചും എനിക്ക് ചില ആശങ്കകള്‍ ഉണ്ട്. ഞാന്‍ തന്നെ ആരംഭിച്ചതാണെങ്കിലും അനോണിക്ലബ്ബിന്റെ ഇന്നത്തെ അവസ്ഥയില്‍ തലമുതിര്‍ന്ന അനോണിയായ എനിക്ക് ക്ലബ്ബില്‍ യാതൊരു സ്ഥാനവും മാനവും ഇല്ല എന്നൊരു നില വന്നിരിക്കുന്ന അവസ്ഥയില്‍ ക്ലബ്ബിന്റെ നിലനില്പിന് യാതൊരു പ്രസക്തിയുമില്ല. പപ്പൂസ് പറയുന്നു ചിങ്ങം പന്ത്രണ്ടു വരെ ഞാന്‍ അഡ്മിനിലുണ്ടായിരുന്നു എന്ന്. തോന്ന്യവാസന്‍ പറയുന്നു ഇടവം നാലിനു ശേഷം ഊരും പേരുമില്ലാത്ത ചില അനോണി സംഘങ്ങളുടെ പിടിയിലാണ് ക്ലബ്ബെന്ന്. മേടം കഴിഞ്ഞതില്‍ പിന്നെ കള്ളുകുടിയന്മാരും മുച്ചീട്ടു കളിക്കാരും മാത്രമേ ക്ലബ്ബില്‍ വന്നു പോവാറുള്ളൂ എന്ന് അനോണി വീരനും പറയുന്നു. ഏതോ ഒരുത്തനെ ചീത്ത വിളിക്കാനായി ഒരു ദുര്‍ബലനിമിഷത്തില്‍ തുറന്നതെങ്കിലും ഇപ്പോള്‍ കണ്ട അണ്ടനും അടകോടനുമൊക്കെ ഇവിടെ കയറിനിരങ്ങുകയാണ്. ക്ലബ്ബിന്റെ സ്ഥാപനോദ്ദേശ്യത്തിന് ഇന്ന് തീരെ പ്രസക്തിയില്ല എന്നിരിക്കെ ഈ ക്ലബ്ബ് അടച്ചുപൂട്ടാനുള്ള ചില സാധ്യതകളെക്കുറിച്ച് ആലോചിക്കുകയാണ് ഞാന്‍. ഒന്നുകില്‍ അടച്ചുപൂട്ടി തീയിടാം അല്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ക്ലബ്ബ് നിരപ്പാക്കാവുന്നതാണ്. ക്ലബ്ബങ്ങളെ ഓരോരുത്തരെയായി വെടിവെച്ചു കൊല്ലുക എന്നതും മറ്റൊരു സാധ്യതയാണ്. അതുമല്ലെങ്കില്‍ നിലവിലുള്ള ക്ലബ്ബ് മെമ്പര്‍മാര്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി അവരെ ജയിലിലടപ്പിക്കാം. ഇനി പോസ്റ്റുകള്‍ ഇറക്കാതിരിക്കാന്‍ മെമ്പര്‍മാരുടെ വിരലുകള്‍ വെട്ടിയരിയുക എന്നതും ആലോചിക്കാവുന്നതാണ്. മാന്യമെമ്പര്‍മാര്‍ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ?

Tuesday, April 22, 2008

അനോണി ജ്യൂസ്

വസന്തം ശിശിരം ശരത് ഹേമന്തം ഗ്രീഷ്മം വര്‍ഷം എന്നിങ്ങനെ ഋതുക്കള്‍ ആറാണ് പക്ഷെ ബ്ലോഗില്‍ എന്നും ഗ്രീഷ്മകാലമാണ് ഉരുകിയൊലിക്കുന്ന ചൂട് ഈ സമയങ്ങളില്‍ താല്‍ക്കാലീക ശമനത്തിനുതകുന്ന ഒരു ജ്യൂസാണ് ഇവിടെ അവതരിപ്പിക്കുന്നത് ഇത് കുടിക്കുന്നത് കൊണ്ട് ചൂട് മാത്രമല്ല പിത്തം കുശുമ്പ് ബുജീഷ്യ തുടങ്ങിയ മാറാരോഗങ്ങള്‍ക്കും ശാന്തി ലഭിക്കേണ്ടതാണ്. ഇത് കുടിച്ചിട്ടും അവ മാറിയില്ലെങ്കില്‍ സൂക്ഷിക്കണം പ്രശ്നം ഗുരുതരമാണ്
വേണ്ടുന്ന ചേരുവകള്‍
നല്ല വിളഞ്ഞ യുഎഇ ബ്ലഗാക്കള്‍
മൂത്തത് 10
ഇടത്തരം 15
ചള്ള് 12
മീറ്റ് വടയോട് കൂടിയത് ഒരെണ്ണം
യാത്ര അയക്കല്‍ ഈറ്റില്ലാതെ ഒരേണ്ണം
മീറ്റ് പടങ്ങള്‍ ആവശ്യാനുസരണം
ഈ ജ്യൂസ് വളരെ എളുപ്പം ഉണ്ടാക്കാം എന്നത് ഇതിന്‍റെ പ്രത്യേകതയാണ്
ചേരുവകള്‍ എല്ലാം കൂടെ ഊഹപാത്രത്തിലിട്ട് കലിപ്പ് എന്ന കരണ്ടി കൊണ്ട് ഇളക്കി കൊണ്ടിരിക്കുക
ഇളക്കി കൊണ്ടിരിക്കുമ്പോള്‍ കൂട്ടായ്മ പിന്ബലം പ്രത്യേക പരിഗണന ബ്ലോഗ് നശീകരണി ഗ്രൂപ്പുകളി ബ്ലോഗ് സങ്കല്പം കത്തി തുടങ്ങിയ ചിന്തകള്‍ പൊങ്ങി വരുന്നത് കാണാം
ഇപ്പോള്‍ ഇളക്കല്‍ നിറുത്താം
സംഗതി റേഡി
വലിച്ച് കുടിക്കൂ
ക്ഷീണം അകറ്റൂ
ക്ഷീണം കാണും

Saturday, April 19, 2008

അനോണിവൃത്തം

ബ്ലോഗന്‍മാര്‍ പെറ്റു കിടക്കും
പോസ്റ്റില്‍ കേറിയലഞ്ഞും,
തിരുടന്മാര്‍ വിടുവായോതും
വാക്കുകളൊക്കെയരിഞ്ഞും,

വീറോടീ ബൂലോഗത്തില്‍ നില്പൂ അനോണീ,
നെഞ്ചത്തു കമന്‍റും പേറി നില്പൂ അനോണീ!

കോമഡിയെന്നരോ ചൊന്നൊരു പോസ്റ്റതു കണ്ടു മടുത്തൂ,
കൊള്ളാമെന്നാളുകള്‍ ചൊന്ന കമന്‍റുകള്‍ കണ്ടു പിടച്ചൂ,
ലിസ്റ്റാത്ത തുടര്‍ക്കഥ പോലെ,
പെണ്‍ബ്ലോഗിലെ മുറവിളി പോലെ,

നെറ്റാകെയുലക്കും മട്ടില്‍ കമന്റീ അനോണീ,
പുതുബ്ലോഗില്‍ കയറിച്ചെന്ന് അലറീ അനോണീ...!!!

Tuesday, April 8, 2008

അനോണീ ബ്ലോശീയഗാനം

അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍

സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!

ഇരുന്നിടം മുറിച്ചിടാത്ത ബ്ലോഗറാണു ഞാന്‍,

ഇരുട്ടില്‍ വന്നു സത്യമോതുമര്‍ക്കനാണു ഞാന്‍!

തെറിച്ച വാക്കു ചൊല്ലിടാത്ത മര്‍ത്യനാണു ഞാന്‍,

പറിച്ചെടുത്തൊരുണ്മ തന്‍ സ്വരൂപമാണു ഞാന്‍!

സനോണികള്‍ മറച്ചു വച്ച സത്യശൃംഖല

വലിച്ചെടുത്തു ചേര്‍ത്തുവക്കുമൈക്യ മുന്നണി!

ഇരുട്ടില്‍ വന്നു കൂവലല്ലെനിക്കിദം പ്രിയം

ഇരുട്ടു കീറി നേരു ഞാന്‍ പുറത്തിടും സ്വയം!

കരുത്തു നേടി മുന്നിലേക്കു ഞങ്ങള്‍ നീങ്ങിടും

കറുത്ത വാക്കു ചൊല്ലുവാന്‍ മുഖം മറച്ചിടും!

അനോണികള്‍ക്കയിത്തമോതുമാദി ബ്ലോഗരേ,

വിനോദവാക്കു ചൊല്ലിടുന്ന ശുദ്ധബ്ലോഗരേ,

മുഖം മറച്ചു വന്നു ഞങ്ങളാര്‍ത്തലച്ചിടും,

മുഖത്തു നോക്കിയുള്ള നേര്‍ വിളിച്ചു ചൊല്ലിടും

അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍

സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!
 

അനോണികള്‍ക്കുള്ള ബ്ലോശീയഗാനം അനോണി ക്ലബ്ബിനു വേണ്ടി ആലപിച്ചിരിക്കുന്നു. ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ ബൂലോഗ അനോണീശ്രേഷ്ടരാരെങ്കിലും വരുമെന്ന് ഈ വിനീതവിധേയന്‍ അനോണി പ്രതീക്ഷിക്കുന്നു. ക്ലബ്ബ് ഒരു വിജയമാക്കിത്തരണമെന്ന് എല്ലാ അനോണീ-സനോണീ ബ്ലോഗര്‍മാരോടും അപേക്ഷിക്കുന്നു...

സസ്നേഹം,

അനോണീവീരന്‍ (ഒപ്പ്)

Friday, April 4, 2008

അനോണികളെ സംഘടിക്കുവിന്‍

ബൂലോക ക്ലബ്ബ്,
പെണ്ണുകെട്ടിയവന്മാര്‍ക്ക് ക്ലബ്, കെട്ടാത്തവര്‍ക്ക് ക്ലബ്ബ്,
ആണ്‍ ക്ലബ്ബ്, പെണ്‍ ക്ലബ്ബ്,
പാട്ടു ക്ലബ്ബ്, പോട്ടോ ക്ലബ്, പട്ടി ക്ലബ്ബ്, പുട്ടു ക്ലബ്ബ്,
കവിതാ ക്ലബ്ബ്, കഥാ ക്ലബ്ബ്, കഥാ പ്രസംഗ ക്ലബ്ബ്,
കൊച്ചി ക്ലബ്ബ്, കൊല്ലം ക്ലബ്ബ്, കോട്ടയം ക്ലബ്ബ്, കൊട്ടാരക്കര ക്ലബ്ബ്,
പേര്‍ഷ്യ ക്ലബ്ബ്, ബൂര്‍ഷ്വാ ക്ലബ്ബ്,
ഇപ്പൊ ഇതാ ഉപഭോക്ത്ര ക്ലബ്ബും വന്നു.
അങ്ങനെ തോട്ടികള്‍ക്കും തെണ്ടികള്‍ക്കും പ്രാന്തന്മാര്‍ക്കും കള്ളന്മാര്‍ക്കും കള്ളുകുടിയന്മാര്‍ക്കും വരെ ക്ലബ്ബാണ്. എന്നിട്ടും പാവം ഞങ്ങള്‍ അനോണിമാര്‍ക്ക് ഒരിടത്തും മെംബര്‍ഷിപ്പില്ല. ഒരു ക്ലബ്ബ് മെമ്പര്‍ഷിപ്പൊക്കെയില്ലാത്തവന് ഇക്കാലത്ത് കാക്കാശിനു വെലയുണ്ടോ? അപ്പോ പിന്നെ നമുക്കും വേണ്ടേ ഒരു ക്ലബ്ബ്. ഇന്നാ പിടിച്ചോ. അനോണി ക്ലബ്ബ്. അങ്ങനെ ഏതു അണ്ടനും അടകോടനും വന്ന് ഞങ്ങള്‍ അനോണികളെ തെറി വിളിക്കാമെന്ന സ്ഥിതിയൊന്നു മാറണം! ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടയം വേണെമെന്നു നിര്‍ബന്ധമില്ലെന്നു മാത്രമല്ല, കാല്‍ക്കാശ്‌ വരിപ്പണം കെട്ടണ്ട,കൈക്കൂലി കൊടുക്കേണ്ട,കാലു പിടിക്കേണ്ട, എന്തു തോന്യാസവും നടത്താം, ഏതു മരമാക്രികള്‍ക്കും അംഗമാവാം. വച്ചത് ,ഉലര്‍ത്തിയത് പുഴുങ്ങിയത്, ഉപ്പിലിട്ടത് ,വറുത്തരച്ചത്,നിര്‍ത്തി പൊരിച്ചത്,മുളകിട്ടത് അങ്ങനെ എന്തും ഇവിടെയാകാം.അതുകൂടാതെ മറ്റു ക്ലബ്ബുകളില്‍ അംഗത്വമുള്ള പകല്‍ മാന്യമ്മാര്‍ക്കും ഇടക്കൊന്ന് തലയില്‍ മുണ്ടിട്ട് കൂവണേല്‍ ഇവിടെ വരാം. വരിക, ആര്‍മ്മാദിക്കുക.

ഹാ ചുമ്മാ ബാന്നേ!

പ്രകോപനത്തിനും പ്രചോദനത്തിനും കവി കുഴൂര്‍ വിത്സനോട് കടപ്പാട്

അംഗത്വത്തിന് anonymash[at]gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കുക